15048. സ്നേഹമാം താതാ

1 സ്നേഹമാം താതാ സ്വർഗ്ഗീയ നാഥാ
അഹമഹമായവനേ
യഹോവേ ഇഹ പരിപാലകനേ!
ബഹുലമാം കൃപയാൽ തിരുഹിതമതിനാൽ
മഹിതലേ സുതനെത്തന്ന ദേവശാ!

പല്ലവി:
തവ പാദം കുമ്പിടുന്നേൻ ആ…ആ…ആ…
തവ പാദം കുമ്പിടുന്നേൻ

2 ആദിമ മനുഷ്യൻ പാപം ചെയ്തതിനാൽ
മേദിനിയിൽ വസിക്കും മനുജർ
യാതനപ്പെട്ടിതു ഹാ!
പാതകം നീക്കാൻ പാതകർ കയ്യാൽ
വേദന ഏറ്റൊരു യേശു ദേവാ! [പല്ലവി]

3 പാപവിഹീനൻ നീതിമാനായോൻ
പാപിയെപോൽ മഹാ ശിക്ഷയേറ്റു
പാപിയെ ശുദ്ധനാക്കാൻ
പാപത്തിൻ ഭാരം ദേഹത്തിലേറ്റ
പാപിയിൻ രക്ഷനായ നാഥാ! [പല്ലവി]

4 സ്വന്ത ജനത്താൽ തള്ളപ്പെട്ടയ്യോ
അന്തമില്ലാത്തതാം സ്നേഹഹൃദയം
വെന്തു നേറീടുന്നിതാ!
സ്വന്ത മനസ്സാ ക്രൂശിന്മേൽ തൂങ്ങി,
ചിന്തി തൻ തിരുനിണം പാപികൾക്കായ് [പല്ലവി]

5 മരണം സഹിച്ച ദൈവത്തിൻ പുത്രൻ
മരണത്തിൻ ശക്തിയാൽ തോൽക്കപ്പെടുമോ?
മരണത്തെ താൻ ജയിച്ചു!
മരിച്ചവരിൽ നിന്നുയിർത്തെഴുന്നേറ്റു,
മരിച്ചോർക്കു പുനർജീവൻ സാദ്ധ്യമാക്കി! [പല്ലവി]

6 ലോകാന്ത്യം വരെയും കൂടെ ഉണ്ടെന്നു
വാക്കു തന്നോൻ വിശുദ്ധ റൂഹായെ
വേഗത്തിൽ അയച്ചുതന്നു;
ലോകത്തെ ജയിക്കാൻ പുതുശക്തി തരുന്നോൻ,
വേഗത്തിൽ വരും മഹാരാജാവായി [പല്ലവി]

7 പ്രാണസ നാഥാ നീ പ്രാണനെത്തന്നു
ക്ഷോണിയെ വീണ്ടെടുത്ത മാ സ്നേഹം,
കാണുന്നു ദോഷിയാം ഞാൻ!
താണു വണങ്ങി നമിച്ചിടുന്നടിയാൻ,
പാണിയിൽ താങ്ങണമേ കൃപാലോ! [പല്ലവി]

Text Information
First Line: സ്നേഹമാം താതാ സ്വർഗ്ഗീയ നാഥാ
Title: സ്നേഹമാം താതാ
Author: K. P. Philip
Refrain First Line: തവ പാദം കുമ്പിടുന്നേൻ ആ…ആ…ആ…
Language: Malayalam
Copyright: Public Domain
Tune Information
Name: SNEHAMAM THATHA
Composer: K. P. Philip
Arranger: Joe Uthup
Key: D Major
Copyright: Public Domain



Suggestions or corrections? Contact us